കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രം – ചരിത്രം
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറ് മാറി കനോലി കനാലിന്റെ കിഴക്കേക്കരയില്‍ ചാവക്കാട് താലൂക്ക് ഹെഡ്ക്കോര്‍ട്ടേഴ്സ് ആശുപുത്രിക്കു സമീപം സ്ഥിതി ച്ചെയുന്ന പുരാതനമായ ഒരു ആരാധനാലയമാണ് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പഴക്കം ഇന്നും അജ്ഞാതമായി തന്നെ ഇരിക്കുന്നു. ക്ഷേത്രത്തില്‍ അടുത്ത കാലങ്ങളില്‍ നടത്തിയ അഷ്ടമംഗല പ്രശ്നങ്ങളില്‍ നിന്ന് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും പലകാലങ്ങളിലായ് സംഭവിച്ച രൂപ പരിണതിക്ക് ശേഷം വന്നു ചേര്‍ന്നതാണ് ഇപ്പോള്‍ കാന്നുന്ന ക്ഷേത്രമെന്നും തെളിയുകയുണ്ടായി. പ്രസിദ്ധമായ പുന്നത്തൂര്‍ സ്വരൂപത്തിനാണ് ഈ ക്ഷേത്രത്തിന്റെ ഊരായ്മ. സ്വരൂപം ഇന്ന് നാമാവശേഷമായതോടെ സ്വരൂപത്തിലെ ഒരു പ്രതിനിധി അധ്യക്ഷനായുള്ള ഭക്തജനങ്ങളുടെ ഒരു സമിതിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
ഐതിഹ്യം
എല്ലാ ഭഗവതി ക്ഷേത്രങ്ങളുടെയും ഉല്പത്തികഥക്ക് ഒരു ഐകരൂപ്യം കാണാറുണ്ട്. ആ ഐതിഹങ്ങളധികവും മൂകംബികയോ കൊടുങ്ങലൂര്‍ ഭദ്രകാളിയോ ബന്ധപെടുത്തികൊണ്ടായിരുന്നു ഏറിയ കൂറും പറയപെട്ടുവരാറ്. ഈ ക്ഷേത്രത്തിന്റെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. കൊടുങ്ങലൂര്‍ ഭാഗവതി കുടപ്പുറത്ത് എഴുന്നുളിയതാണ് ഇവിടെ വിലസുന്ന ചൈതന്യം എനാണ് പരക്കെ വിശ്വാസം. ഈ വിശ്വാസത്തെ ദൃഢീകരിക്കാൻ പോന്നതാണ് ഇവിടത്തെ അനുഷ്ട്ടനങ്ങളും മറ്റും.
കൊടുങ്ങലൂര്‍ ഭജനം കഴിഞ്ഞു മടങ്ങിയ ഒരു ബ്രാഹ്മണന്‍ വഴി മദ്ധ്യേ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി. നിർമ്മലമായ ജലാശയം കണ്ടപ്പോള്‍ ഓലക്കുട കരയില്‍ കുത്തി നിര്‍ത്തി അദ്ദേഹം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കയറി കുടയെടുക്കാന്‍ ഭാവിച്ചപ്പോള്‍ കുട ഇളകുന്നില്ല. അദ്ദേഹം അവിടെ നിന്ന് ഉറക്കെ വിളിച്ചു. വിളികേട്ട് കുളത്തിന്റെ വടക്കു കിഴക്കേ മൂലയിലെ വീട്ടില്‍ നിന്ന് ഒരാള്‍ ഓടിവന്നു. ആദ്യം വന്ന ആള്‍ ഒരു കോമരമായിരുന്നു. ഇവ മൂവരുടെയും നേതൃത്വത്തില്‍ കുടപ്പുറത്ത് വന്ന ഭഗവതിയെ കുളക്കരയില്‍ പ്രതിഷ്ഠിച്ചു. അതാണ് ഇന്ന് കാന്നുന്ന കോഴിക്കുളങ്ങര ക്ഷേത്രം. ഈ ക്ഷേത്രം ആവിര്‍ഭാവിക്കുനതിനുമുമ്പ് പാലക്കടക്കല്‍ ഒരു ദുര്‍ഗയെ പൂജിച്ചിരുന്നു എന്നും, ആ ദുര്‍ഗാ ദേവിയെ അവിടെ നിന്ന് ആവാഹിച്ച് പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചതാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ പ്രാകൃതരൂപമെന്നും പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സ വദിവസമായ മകരഭരണിയുടെ തലേന്ന് അശ്വതിനാളില് പ്രസ്തുത പാലയുടെ കടക്കലും കുളക്കടവിലും നടത്തിവരുന്ന വിശേഷാല്‍ പൂജ ഈ ഐതിഹ്യങ്ങളെ സ്വാതികാമാക്കാന്‍ പോന്നതാണ്.
ഊരാളനും തന്ത്രിയും
പുന്നത്തൂര്‍ സ്വരൂപത്തിന്റെ കീഴില്‍ ഇരുന്നിരുന്ന ഈ ക്ഷേത്രം ഒരു കാലത്ത് സാമൂതിരിയുടെ സവിശേഷ ശ്രദ്ധക്കും പത്രമായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രമുണ്ടായിരുന്ന പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് ഇപ്പോഴും ഇവിടുത്തെ തന്ത്രം. സാമൂതിരിപ്പാടിന്റെ പ്രസിദ്ധപടയാളികളിൽ ഒരാളും, ഭരണകര്‍ത്താവും ആയിരുന്ന ശ്രീ. ഹൈദ്രോസ് കുട്ടി മൂപ്പര്‍ കോഴിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മേള്‍നോട്ടം വഹിച്ചിരുന്നു എന്നും ഐതിഹ്യം ഉദ്ഘോഷിക്കുന്നു. കോഴിക്കുളങ്ങര ക്ഷേത്രവുമായ് മുസ്ലിം കുടുബങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഇന്നും ആ ബന്ധം അഭംഗുരം നിലനിൽക്കുന്നു എന്ന് മാത്രമല്ല സമുദായ ഭേദമന്യേ എല്ലാവരും ഈ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ചു പോരുകയും ചെയുന്നു.
ദേവന്മാര്‍
ഈ ക്ഷേത്രത്തില്‍ ഭഗവതിക്ക് പുറമേ സരസ്വതി, ഗണപതി , ശാസ്താവ് , ഹനുമാന്‍, നാഗങ്ങള്‍, രക്ഷസ്സുകള്‍ എന്നിവര്‍ക്ക് പ്രത്യേകമായ പ്രതിഷ്ട്ടകള്‍ ഉണ്ട്. സരസ്വതിക്ക് പ്രത്യേകമായ ക്ഷേത്ര പ്രതിഷ്ഠ നടത്തിയിട്ടുളത് കൊണ്ട് ഇവിടെ ‘വിദ്യാഭിവ്രീദ്ധി ‘ അതിയായ പ്രാമുഖ്യം ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. കോഴിക്കുളങ്ങര എന്ന പേരിനെക്കുറിച്ചും ഒരു കഥ കേട്ടിടുണ്ട്. കൊടുങ്ങലൂര്‍ ഭരണിക്ക് വഴിവാട് കോഴികളുമായ് പോരുന്ന ഭക്തന്മാര്‍ അന്ന് ഇടതാവളങ്ങളില്‍ തങ്ങിയാണ് യാത്ര ചെയുക പതിവ്. അത്തരം ഇടത്താവളങ്ങളില്‍ ഒന്നായിരുന്നു ഈ കുളവും പരിസരവും. അത് കൊണ്ട് ക്രമത്തില്‍ ആ കുളത്തിനും പരിസരത്തിനും കോഴിക്കുളങ്ങര എന്ന് പേര് വന്നതാവാന്‍ സാധ്യതയുണ്ട് . മിക്ക ഭഗവതീ ക്ഷേത്രങ്ങളുടെ പേരുകളിലും കുളങ്ങര കാണുന്നു എന്നത് കൊണ്ട് കോഴിക്കുളങ്ങര എന്ന പേരിലും അത്തരം ഒന്ന് കാണപ്പെടുന്നു എന്ന് ഒഴുക്കനായ് ധരികുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നവരും ഇല്ലാതില്ല. എന്തായാലും ക്ഷേത്ര നാമവും പരിസരവും ഒന്നായിതീരുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒന്നത്രേ കോഴിക്കുളങ്ങര.
ഉത്സവം ക്ഷേത്രത്തിലെ പ്രധാനമായ ഉത്സവം ദേവിയുടെ തിരുനാള്‍ ആഘോഷമാണ്. മകരമാസത്തിലെ ഭരണിനാളിലാണ് അത് കൊണ്ടാടാറ്. തിരുനാളാഘോഷത്തിനു ഏഴു ദിവസം മുന്പ് ക്ഷേത്രത്തില്‍ വേല മുളയിടും. ക്ഷേത്രമണ്ഡപത്തില്‍ കൂറയിടുകയും ദിക്കുകൊടികള്‍ സ്ഥാപിക്കുകയുമാണ് ഇതിന്റെ ചടങ്ങ്. പഴയ കാലത്ത് പുന്നത്തൂര്‍ കോവിലകത്തെ അന്നത്തെ കാരണവര്‍ ആയിരിക്കും കൂറയിടുക. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ ആര്‍ഭാടസമന്വിതമായ ചുറ്റുവിളക്കുണ്ടയിരിക്കും. ഭരണി ദിവസം കാലത്ത് നടത്തപെടുന്ന വിശേഷാൽ പൂജക്ക് ശേഷം ക്ഷേത്രത്തിലെ പറ പുറപ്പെടും. ക്ഷേത്രം പണി ചെയ്ത വേലിപ്പുറത്ത് ആശാരിയുടെ വീട്ടിലെ പറയെടുത്തതിന്നു ശേഷം തിരിച്ച് ക്ഷേത്രത്തില്‍ വന്നാല്‍, തുടര്‍ന്നുള്ള എഴുന്നള്ളത്ത് ആരംഭിക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നിര്‍വഹിക്കപെടുന്ന പള്ളിവാൾ എഴുന്നളിപ്പ് ഈ ക്ഷേത്രത്തില്‍ മാത്രമുള്ള സവിശേഷതയാണ്. ക്ഷേത്രത്തിലെ കോമാരമായിരുന്ന കോമരത്തു വീട്ടുകാരുടെ മച്ചിലാണ് ഭഗവതിയുടെ വാളും ചിലമ്പും സൂക്ഷിച്ചു വെയ്‌ക്കാറുള്ളത്. അവിടെ നിന്ന് ക്ഷേത്രത്തിലെ ആദ്യ കോമരം ഉപയോഗിച്ചിരുന വാള്‍ എഴുന്നള്ളിച്ച് കൊണ്ട് വരുന്ന ചടങ്ങാണിത്. പഞ്ചവാദ്യതോടും വര്‍ണ്ണാന്ജിതാമായ കരിമരുന്നു പ്രയോഗത്തോടും കൂടി പള്ളിവാൾ എഴുന്നളിപ്പ് പാതയോരത്ത് നിറപറ ഒരുക്കി കാത്തു നിൽക്കുന്ന ഭക്ത ജനങ്ങളെ അനുഗ്രഹിച്ചു കൊണ്ട് ക്ഷേത്ര നടയിൽ എത്തുന്നു. അപ്പോഴെക്കും പഞ്ചവാദ്യം ഉച്ചസ്ഥായിയിലായിരിക്കും തുടർന്നു മേലെ നടപ്പുരയിൽ പഞ്ചവാദ്യം സമാപിക്കുന്നു ഭഗവതിയുടെ തിരുസന്നിധിയിൽ വാളും കൂറയുമായി എത്തിയ കോമരം, പിന്നീട് ഒട്ടും വൈകാതെ തന്നെ പള്ളിവാൾ പാട്ടുപന്തലിൽ പടിഞ്ഞാറേ വാതിലിൽ കൂടി പ്രവേശിച്ച് പാനക്കാർ വാഴപ്പോള കൊണ്ടും കുരുത്തോല കൊണ്ടും നിർമിച്ച ക്ഷേത്രത്തെ വലം വെച്ച തെക്ക് ഭാഗത്ത് പള്ളിവാളും വാൽക്കണ്ണാടിയും പീഠത്തിൽ വെക്കുന്നു. അതു കഴിഞ്ഞു വന്നാൽ ആണ് കുളം പ്രദിക്ഷണത്തിനുള്ള ഒരുക്കം. ദേവിയുടെ സാനിദ്യം കുളവും ആയി ബെന്ധപെട്ടിരിക്കുന്നു എന്ന സങ്കൽപം ആണ് കുളം പ്രദിക്ഷണത്തിന് ആധാരമായി കണക്കാക്കുന്നത്. കോമരം മേൽശാന്തി നിന്ന് പ്രസാദവും മാലയും വാങ്ങി പാനക്കാരുടെ വാദ്യങ്ങളുടെ അകംപടിയോടെ ഭക്ത ജനങ്ങളാൽ പരിസേവിതമായി കുളം പ്രദിക്ഷണം എന്ന ചടങ്ങ് ആരംഭിക്കുന്നു. മുന്നിൽ പൂത്തിരികളും മത്താപ്പും ആയി നീങ്ങുന്ന പ്രവർത്തകരുടെ പിന്നാലെ ദേവി കുളംപ്രദിക്ഷണം ആരംഭിക്കുന്നു. വളരെ ധന്യവും ഭക്തിനിർഭരവുമായ ചടങ്ങായിട്ടാണ് ഭക്തജനങ്ങൾ ഈ അനുഷ്ടാനത്തെ കാണുന്നത്. പ്രദിക്ഷണം കഴിഞ്ഞു കുളപ്പടവുകൾ കയറി കരയിൽ എത്തിയാൽ പാണ്ടി മേളത്തിന്റെ ആരംഭത്തോടെയാണ് ക്ഷേത്ര പ്രദക്ഷിണം. ആ മേളം നടയിൽ എത്തിയാൽ നടക്കപ്പറ എന്ന ചടങ്ങ് ആയി. ക്ഷേത്ര ഭരണസമിതിയിലെ ഭാരവാഹികളിൽ ആരെങ്കിലും ആണ് പറനിറയ്കുക. അതിനു ചുറ്റും പ്രദിക്ഷണം വെച്ച് പറയുടെ മുകളിൽ തിരുവായുധം വെയ്കുന്നു. പാനക്കാർ ദേവിയുടെ കേശാദിപാദം വർണിച്ചു പാടുന്നു. അവസാനം പൂക്കുല കുറ്റിക്കാർ രംഗത്തു വരും. അവരുടെ പ്രകടനത്തോടെ നടക്കപ്പറ എന്ന ചടങ്ങ് നടക്കും. പിന്നെ തിരുവായുധം ക്ഷേത്ര മണ്ഡപത്തിൽ എഴുന്നളിച്ചു വെയ്കും. അതിന്നു ശേഷം തായംബക മാറ്റു വെക്കൽ പാട്ടു പന്തലിൽ പാനപൂജ മുതലായതു നടക്കും. അതിന്നു ശേഷം ആണ് പള്ളിത്താലം എഴുന്നള്ളിക്കൽ പാട്ടുപന്തലിൽ നിന്ന് പാൽകുടവും പൂക്കുല കുറ്റികളും ആയി കോമരം തിരുവായുധവുമായി താഴത്തെ കാവിലേക്കു പോകുന്നു. അവിടെ ചെന്ന് ക്ഷേത്രം പ്രദിക്ഷണം ചെയ്‌യും. അത് വരെ അകംപടി സേവിക്കുന്നത് മാരാർ ആണ്. വെളിച്ചപ്പാട് പള്ളിത്താലം കുളത്തി കൊടുക്കും. അതോടെ പാഞ്ചാരി മേളത്തിന് കോലിടുകയായി. താലം മേളത്തിന്റെ അകംപടിയോടെ മതിക്കകത്തു കയറി ക്ഷേത്രം പ്രദക്ഷിണം ചെയുന്നു. അതിന്നു ശേഷം ഉള്ള ചടങ്ങുകൾ എല്ലാം ചുറ്റുവിളക്കിന്റെത് തന്നെ ആണ്. ഭരണി നാൾ പുലർച്ചെ നടത്തുന്ന ഈ മേളപ്രദക്ഷിണം വടക്കേ നടയിൽ അവസാനിക്കണം. അവിടെനിന്നു മാരാർ വലന്തല കൊട്ടി ക്ഷേത്രം പ്രദക്ഷിണം ചെയ്‌യും. പുറത്തു നാല്, അകത്തു മൂന്ന് എന്ന് ആണ് പ്രദക്ഷിണത്തിന്റെ കണക്ക്. അതിനു ശേഷം താലം ചൊരിയുന്നു. പിന്നീട് കോമരം പാട്ടുപന്തലിലേക്കാണ് പോവുക. അപ്പോൾ പാട്ടുപന്തലിൽ പാട്ടു നടക്കുന്നുണ്ടായിരിക്കും. ദാരികവധമാണ് ചൊല്ലുക. ഭഗവതിയുടെ കേശാദിപാദവും ചൊല്ലാറുണ്ട്. അതിന്റെ അവസാനം പൂക്കുല കുറ്റിക്കാർ ചാടി മേളത്തിന്നനുസരിച്ച് നൃത്തം ചെയുന്നു. പിന്നെ പാനക്ക് വേണ്ടി നിർമിച്ച ആ ക്ഷേത്രം നശിപ്പിക്കുന്നു. കോമരം താലമെടുത്ത സ്ത്രീക്‌ളോട് കല്പിച്ച ശേഷം നേരെ പാലക്കടക്കലേക്ക് പോകുന്നു. ഗുരു സ്‌മൃതിയെ സാന്നിധ്യമറിയിച്ചതിനു ശേഷം മേലേ നടക്കൽ നിൽക്കുന്ന ഭക്തജനങ്ങളോട് കല്പിക്കുന്നു. അതിനു ശേഷം തിരുനടയിൽ എത്തി കോമരം എല്ലാം ദേവിക്ക് സമർപ്പിക്കുന്നു. തുടർന്ന് പള്ളിവാളും വാൽക്കണ്ണാടിയും വാളും കൂറയോടുകൂടി വടക്കേനടയിലൂടെ കോമരത്തിൻ വീട്ടിലെ മച്ചിൽ കൊണ്ട് പോയി വെക്കയുന്നു. അതോടെ ഒരു ദിവസം നിറഞ്ഞു നിന്ന ഭരണി ആഘോഷത്തിന് സമാപ്തി ആയി.
കാർത്തിക നാൾ കാലത്തു നടയടക്കുന്നതിന് മുൻപ് കൊടിക്കൂറകളെല്ലാം അഴിച്ചുമാറ്റണം. വേല മുളയിടുന്ന ദിവസം മണ്ഡപത്തിൽ ഇട്ട കൂറ അഴിച്ചെടുക്കുന്നു. അതിനു ശേഷം നടയടക്കുന്ന ചടങ്ങാണ്.